Insights & Research

ക്രിപ്റ്റോ കറൻസിഇന്ത്യയിൽ: നികുതിയും നിയമവും

CS Muhammed Sahal I Legacy Partners


ക്രിപ്റ്റോ കറൻസിഇന്ത്യയിൽ: നികുതിയും നിയമവും

1990 ന് ശേഷം ജനിച്ചവരുടെ ജനറേഷന്‍ z എന്നറിയപ്പെടുന്ന തലമുറ ജനസംഖ്യയില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉള്ളത് നമ്മുടെ ഇന്ത്യയിലാണ്. 47.2 കോടിയാണ് ഇന്ത്യയിലെ ജനറേഷന്‍ z അല്ലെങ്കില്‍ മില്ലേനിയല്‍സ് എന്നറിയപ്പെടുന്ന ഈ തലമുറയില്‍ പെട്ടവരുടെ ജനസംഖ്യ കണക്കാക്കപ്പെട്ടിട്ടുള്ളത്.  സകലകാര്യങ്ങള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നവരാണ് ഈ യുവതലമുറ. ഒരു നിക്ഷേപം നടത്തുന്ന കാര്യത്തിലാണെങ്കില്‍ പോലും നീണ്ട അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനേക്കാളും ഇവരിലെ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുക ഓണ്‍ലൈനിലോ അപ്പ്‌ളിക്കേഷനിലോ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. ഈയടുത്ത് മില്ലേനിയലുകള്‍ ഡിജിറ്റല്‍ കറന്‍സിയുടെ മേഖലയേയും പുണര്‍ന്നിരിക്കുന്നു.
ഹൈടെക് നിയന്ത്രിത ബ്ലോക്ക് ചെയ്ന്‍ സംവിധാനം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സുരക്ഷ, പെട്ടെന്നുളള ലഭ്യത എന്നിവ കാരണം പരമ്പരാഗത ഒഹരികള്‍ക്കും മറ്റ്  നിക്ഷേപങ്ങള്‍ക്കും മേലെ ഇന്ത്യയിലെ യുവ തലമുറ ഇന്ന് ക്രിപ്‌റ്റോയ്ക്കാണ് ഏറെ മുന്‍ഗണന നല്‍കുന്നത്. ജനറേഷന്‍ x എന്നറിയപ്പെടുന്ന അവരുടെ മുന്‍തലമുറയില്‍ പെട്ടവരില്‍ നിന്ന് വിപരീതമായി വളരെ അസ്ഥിരമെന്ന് തോന്നിക്കുന്ന മേഖലകളില്‍ നിക്ഷേപം നടത്താനും ലാഭം നേടിയെടുക്കാനും മില്ലേനിയലുകള്‍ തയ്യാറാണ്. ഇത് ക്രിപ്‌റ്റോയെ ഒരു ബദല്‍ സംവിധാനമായി മാറ്റിയെടുത്തിരിക്കുന്നു. അതേ സമയം തന്നെ, ക്രിപ്‌റ്റോ കറന്‍സികളും ക്രിപ്‌റ്റോ ആസ്തികളും വളരെ വികേന്ദ്രീകൃതമാണെന്നതിനാല്‍ തന്നെ ഉപഭോക്തൃ സുരക്ഷയെ സംബന്ധിച്ചും, വിപണിയിലെ പരമ്പരാഗത മൂല്ല്യങ്ങളെ സംബന്ധിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള കാര്യങ്ങളുമായും ബന്ധപ്പെട്ടുള്ള ആശങ്കകളും അവ ഉയര്‍ത്തുന്നുണ്ട്.

2008 നെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഒരു സുപ്രധാന വര്‍ഷമായിട്ടാണ് കണക്കാക്കുന്നത്. കാരണം ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി പൊട്ടിപുറപ്പെട്ടതും, സതോഷി നകാമോട്ടോ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ കണ്ടുപിടിച്ച് പുതിയ ഒരു ഘട്ടത്തിന് സമാരംഭം കുറിച്ചതും ഈ വര്‍ഷമാണ്. പരമ്പരാഗത ധനകാര്യ സ്ഥാപനങ്ങളിലുളള ആളുകളുടെ വിശ്വാസം നഷട്ടപെടുന്നതായി അന്ന് ബോദ്ധ്യപ്പെട്ടു വന്നു. ഒരു മൂന്നാം കക്ഷിയോട് വിശ്വാസമില്ലാതെ ഇടപാടുകാര്‍ നേരിട്ട് ഇടപാടുകള്‍ നടത്തുന്ന ഒരു രീതി അതോടു കൂടി ആവശ്യമായി വന്നു. അതോടൊപ്പം തന്നെ, വിദ്യാഭ്യാസം, ധനകാര്യം, വ്യാവസായിക ഉല്പാദനം, ആരോഗ്യ സംരക്ഷണം തുടങ്ങി എല്ലാ മേഖലകളെയും സാങ്കേതികരംഗം കൈയടക്കുകയും  ഡിജിറ്റല്‍ കറന്‍സികളും ബ്ലോക്ക്‌ചെയ്ന്‍ സംവിധാനവും അവിടെ കാര്യങ്ങളെ സുഗമമാക്കാന്‍ സഹായിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്  വര്‍ഷങ്ങളായുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വിപുലമായ വളര്‍ച്ച അവയുടെ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലോകമെമ്പാടുമുള്ള അധികാരികളെ  ബാധ്യസ്ഥരാക്കി. നിലവില്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള നിയമവശങ്ങളും നികുതിയിടപാടുകളുകളും എന്തൊക്കെയാണെന്ന് നമുക്ക് ഇവിടെ പരിചയപ്പെടാം.

1. ക്രിപ്‌റ്റോ വാങ്ങുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണോ?     

2018 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇന്ത്യയിലെ സാമ്പത്തിക വിപണിയും ക്രിപ്‌റ്റോ വിനിമയം നടത്തുന്നവരും തമ്മില്‍ ഉള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് അവയുടെ ഉപയോഗം ഫലപ്രദമായി അവസാനിപ്പികുന്ന സര്‍കുലര്‍ പ്രസിദ്ധികരിച്ചു. പിന്നീട് 2020 ല്‍ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ശേഷം ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ സര്‍ക്കുലര്‍ പ്രത്യക്ഷത്തില്‍ ഏകപക്ഷീയമാണെന്നും ഇത് അനുപാതമിലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും അഭിപ്രായപ്പെട്ടു. ഒരു സംഗതി വിപണിക്ക് വിധേയമല്ലെന് തീരുമാനിക്കാനുള്ള അധികാരം നിയമപരമായുള്ള നയരൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണെന്നും, അത് നിയമ നിര്‍മാണത്തിലൂടെയാണ് നടപ്പിലാക്കാനാവുകള്ളൂ എന്നും അല്ലാതെ  ഒരു റെഗുലേറ്റര്‍ പോലുള്ള ഒരു എക്‌സിക്യൂട്ടീവ് അതോറിറ്റി ഇറക്കുന്ന നോട്ടീസിലൂടെ അത് സാദ്ധ്യമാകില്ലെന്നും സുപ്രീം കോടതി കണ്ടെത്തി. അതിനു ശേഷം ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കുന്നതിനായി പുതിയ നിയമമെന്നും ഫലത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ആയതിനാല്‍ തന്നെ, ക്രിപ്‌റ്റോ കറന്‍സി വില്‍ക്കുന്നിനും കൈവശം വെക്കുന്നതിനും ഇന്ത്യയില്‍ ഇന്ന് നിരോധനമൊന്നുമില്ല.

2.  ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ ഭാവിയിലെ നിയമപരമായ സ്ഥാനം എന്തായിരിക്കും?

പല ലോക രാജ്യങ്ങളിലെ റെഗുലേറ്റര്‍മാരും സര്‍ക്കാറും ഇപ്പോഴും ഈ അസറ്റ് ക്ലാസിനെ എതിര്‍ക്കുകയും അത് വ്യക്തമായി നിയമവിരുദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ചിലര്‍ ഇത് സ്വീകരിച്ച് ബിറ്റകോയിന്‍ നിയന്ത്രണം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് സമ്മതിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ക്രിപ്‌റ്റോ ശേഖരണത്തെിനും അവയുടെ ലീഗല്‍ ടെണ്ടറായോ സ്വത്തായോ ഉള്ള ഉപയോഗത്തിനും നിയമങ്ങള്‍ വ്യത്യസ്തമാണ്.  

ഇനി നമുക്ക് ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ഇന്ത്യയിലെ ചരിത്രം പരിശോധിക്കാം.

a) 2013 ല്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് റിസര്‍വ് ബാങ്ക് (RBI) പത്രക്കുറിപ്പ് ഇറക്കി.

b) 2017 നവംബറില്‍ വെര്‍ച്വല്‍ കറന്‍സികളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു ഉന്നത തല അന്തര്‍ മന്ത്രാലയ സമിതി രൂപീകരിച്ചു.

c) എല്ലാ വാണിജ്യ സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പെയ്‌മെന്റ് ബാങ്കുകള്‍, എന്‍.ബി.എഫ്‌സി എന്നിവയെ വെര്‍ച്വല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിനൊപ്പം വെര്‍ച്വല്‍ കറന്‍സികളുമായി ഇടപെടുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്താനും നിര്‍ദേശിക്കുന്ന ഒരു സര്‍ക്കുലറും റിസര്‍വ് ബാങ്ക് പുറത്തിറക്കി.

‌d) 2019 ഫെബ്രുവരിയില്‍ Banning of Cryptocurrency and Regulation of Official Digital Currency Act, 2019 എന്ന പേരില്‍ ഒരു നിയമം നടപ്പിലാക്കി സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ ഉന്നതതല അന്തര്‍മന്ത്രാലയ സമിതി ശുപാര്‍ശ ചെയ്തു. ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ ശേഖരണം, ഉല്‍പാദനം, കൈവശം വെക്കല്‍, വില്‍പന, ഇടപാട്, വിതരണം, കൈമാറ്റം, നിക്ഷേപം എന്നിവ നിരോധിക്കാനുള്ള നിര്‍ദേശം ബില്ലിന്റെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം, 1) കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് ഒരു ഡിജിറ്റല്‍ രൂപ നിയമ ടെണ്ടറായി രൂപവല്‍കരിക്കുന്നതിനെ സംബന്ധിച്ചും  2) ഏതെങ്കിലും വിദേശ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയെ ഇന്ത്യയില്‍ വിദേശ നാണയമായി അംഗീകരിക്കുന്നതിനെ സംബന്ധിച്ചും ബില്ലിന്റെ കരട് ആലോചനാവിഷമാക്കിയിട്ടുണ്ട്.

e) 2020 മാര്‍ച്ച് 4 ന്, ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നന്നായി ആവിഷ്‌കരിച്ച ഒരു വിധിന്യായത്തിലൂടെ തര്‍ക്കമുന്നയിക്കപ്പെട്ട 06/04/2018 തിയ്യതിയിലെ സര്‍ക്കുലര്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. പ്രധാനമായും ഇന്ത്യന്‍ ഭരണഘടനയുടെ വീക്ഷണകോണില്‍ നിന്നാണ് റിട്ട് ഹരജി സുപ്രീം കോടതി അനുവദിച്ചത്. എന്നിരുന്നാലും 154 പേജുകളുള്ള ഉത്തരവ് വിശദമായി പരിശോധിച്ചാല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇന്ത്യയിലെ ക്രിപ്‌റ്റോ കറന്‍സികളുടെ സ്ഥാനം സാധൂകരിക്കുന്നില്ല.  അവിടെ വെര്‍ച്വല്‍ കറന്‍സികള്‍ സ്വത്ത,് ചരക്ക്, പരമ്പര്യേതര കറന്‍സി, പെയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്  തുടങ്ങി മുതലായ വിവിധ വിഭാഗങ്ങളില്‍ പെടുന്നവയാണെന്ന് കോടതി നിരീക്ഷിച്ചു.    തുടര്‍ന്നുള്ള കോടതി വിധി ഇപ്രകാരം അവസാനിപ്പിച്ചു. 

'ഏതൊരു കലാ പ്രകടനത്തിലുമെന്നതു പോലെ തിരശ്ശീല വലിക്കുന്നതിന്  മുമ്പ് തര്‍ക്ക വിധേയമായ സര്‍ക്കുലറിനെതിരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയ  നിയമവിദഗ്ധനായ അഭിഭാഷകന്‍ ശ്രീ. ആഷിം സൂദിനുള്ള അഭിനന്ദനം രേഖപ്പെടുത്താന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരാണ്.  അതില്ലായിരുന്നെങ്കില്‍ ക്‌ളൈമാക്‌സ് ആകാംക്ഷാഭരിതമാകുമായിരുന്നില്ല.' ഫലത്തില്‍ അത് നിര്‍ദിഷ്ട ഉത്തരവില്‍ നിന്ന് അപേക്ഷകനുള്ള ഒരു ഇളവ് മാത്രമായിരുന്നു.

f) 2021 ല്‍ ഇന്ത്യയിലെ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെ ചില ഇളവുകളോടെ നിരോധിക്കാനും ആര്‍.ബി.ഐ പുറത്തിറക്കുന്ന ഔദ്യാേഗിക ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കാനുള്ള ഒരു ചട്ടക്കൂട് നിര്‍മിക്കാനും ഉദ്ദേശിച്ചു കൊണ്ട് ഭാരത സര്‍ക്കാര്‍ 'Cryptocurrency and Regulation of Official Digital Currency Bill, 2021'(''New Bill') എന്ന പേരില്‍ ഒരു പുതിയ ബില്‍ അവതരിപ്പിക്കുന്നതിനായി പരിഗണിച്ചു.

g) 2021 മാര്‍ച്ച് 24 ന് ('Notification') കോര്‍പ്പറേറ്റ് അഫേ്‌യ്‌സ് മന്ത്രാലയം ആദ്യമായി കമ്പനികള്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റുകളില്‍ ക്രിപ്‌റ്റോ കറന്‍സിയുടെയോ അല്ലെങ്കില്‍ വെര്‍ച്വല്‍ കറന്‍സിയുടെയോ ഏതെങ്കിലും ഇടപാടുകള്‍ ഉണ്ടെങ്കില്‍ ബാലന്‍സ് ഷീറ്റില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന് നോട്ടീസ് നല്‍കി.

h) 2021 ല്‍ ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പ്രസിദ്ധീകിരച്ച Draft National Strategy on Blockchain, 2021 ലും ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ച് എടുത്തു പറഞ്ഞിരുന്നു.

ആഗോള  തലത്തില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ നിയന്ത്രണങ്ങളിലുണ്ടായ വികാസങ്ങള്‍ കണക്കിലെടുത്ത് ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുന്നതിന് നമ്മുടെ സര്‍ക്കാറും ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രാജ്യസഭയില്‍ നിന്നുള്ള വിവര പ്രകാരം, IMC യുടെ ശുപാര്‍ശയുടെയും നിയമനിര്‍മാണ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ഇത് നിയന്ത്രിക്കുമെന്ന് ധനമന്ത്രി പ്രസ്താവിച്ചതായി കാണാം. അതിനാല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണമായും എതിരല്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ ഇന്ത്യ എങ്ങനെയാണ് ഇതിനെ നിയന്ത്രിക്കുക എന്നത് നാം കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

3) എന്താണ് ഇന്ത്യയിലെ ഇപ്പോഴത്തെ ക്രിപ്‌റ്റോ കറന്‍സികളുടെ നികുതി വ്യവസ്ഥ? 

a) ആദായനികുതി നിയമപ്രകാരം മൂലധന ആസ്തികള്‍ ഏതെങ്കിലും തരത്തിലുള്ള സ്വത്തായി നിര്‍വചിക്കപ്പെടുന്നു. ഇതില്‍ ബിറ്റ്‌കോയിനും ഉള്‍പ്പെടാന്‍ സാദ്ധ്യതയുണ്ട്. Stock-in-trade ആയി ബിറ്റ്‌കോയിനുകള്‍ക്ക് യോഗ്യത നേടാനാകുമോ എന്ന ചോദ്യം അപ്പോള്‍ ഉയര്‍ന്നു വരുന്നു. 
മൂലധന ആസ്തികളായോ സ്റ്റോക്ക്-ഇന്‍-ട്രേഡായോ ഷെയറുകളെ തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) നേരത്തെ നല്‍കിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു സാധാരണ ഉപഭോക്താവ് വില്‍ക്കുന്ന ബിറ്റ്‌കോയിന്‍ ഒരു മൂലധന സ്വത്താണെന്ന വീക്ഷണം സ്വീകരിക്കാം. ഒരു വ്യാപാരിക്ക് അതിനെ വ്യാപാരത്തിലെ സ്റ്റോക്കായും കണക്കാക്കാം. 
ഇത് സ്റ്റോക്ക്-ഇന്‍-ട്രേഡായിട്ടാണ് കണക്കാക്കുന്നതെങ്കില്‍, ബിസിനസ് വരുമാനത്തിന് മേല്‍ അടക്കേണ്ടുന്ന നികുതിയായിട്ടായിരിക്കും ഇത് കണക്കാക്കപ്പെടുക.

b) ഇന്ത്യക്കാരുടെ ക്രിപ്‌റ്റോകറന്‍സി വരുമാനത്തിന്റെ നിലവിലെ ആദായനികുതി പിരിവ് സംബന്ധിച്ച് രാജ്യസഭാംഗം ശ്രീമതി പ്രിയങ്ക ചതുര്‍വേദി ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരമായി നമ്മുടെ ധനകാര്യമന്ത്രി മറുപടി നല്‍കിയത് ആദായനികുതി നിയമപ്രകാരം, മൊത്തം വരുമാനത്തില്‍  ഏത് ഉറവിടത്തില്‍ നിന്നും ലഭിക്കുന്ന എല്ലാ വരുമാനവും ഉള്‍പ്പെടും എന്നും വരുമാനത്തിന്റെ നിയമസാധുത നോക്കിയല്ല അത് കണക്കാക്കുന്നതെന്നുമാണ്.
ക്രിപ്റ്റോകറന്‍സികളും ആസ്തികളും കൈമാറ്റം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നേട്ടത്തിന് മേല്‍ നികുതി ചുമത്തപ്പെടുന്നത് വരുമാനം എന്ന തലക്കെട്ടിന് കീഴിലായിരിക്കും. 

c) അതിനാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ കൈമാറ്റത്തിലൂടെ ഉണ്ടാകുന്ന ഏതെങ്കിലും നേട്ടങ്ങള്‍ക്ക് ആദായനികുതി നല്‍കണമെന്ന് വ്യക്തമാണ്.
എന്നിരുന്നാലും ഇത് ഇപ്പോള്‍ ഏതെങ്കിലും അറിയിപ്പുകളിലൂടെയോ സര്‍ക്കുലറുകളിലൂടെയോ വ്യക്തമായി പ്രഖ്യാപിച്ചിട്ടില്ല.

ഉപസംഹാരം (Conclusion)

മറ്റ് സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളും റിസര്‍വ് ബാങ്കും തമ്മിലുള്ള വ്യത്യാസം, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എക്‌സിക്യൂട്ടീവിനും ചെയ്യാന്‍ കഴിയും എന്നതാണ്. മറ്റ് സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിലെ പ്രതിനിധിക്ക് നല്‍കിയിട്ടുള്ള അധികാരം ഭേദഗതി വരുത്താനോ പിന്‍വലിക്കാനോ കഴിയും. എന്നാല്‍, കറന്‍സിയുടെ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുക്കുന്നതിന് 1934 ലെ റിസര്‍വ് ബാങ്ക് നിയമത്തിലെ സെക്ഷന്‍ 3 (1) പ്രകാരം ആര്‍.ബി.ഐക്ക് നല്‍കിയിട്ടുള്ള അധികാരം എടുത്തുകളയാന്‍ കഴിയില്ല. അതു പോലെ തന്നെ, ക്രിപ്‌റ്റോ കറന്‍സി നിരോധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള നിയമനിര്‍മ്മാണ നടപടികളെ ശരിയായ അടിസ്ഥാനമില്ലാതെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ നിന്ന് വ്യക്തവുമാണ്.

ഏതായാലും, സ്വകാര്യ ക്രിപ്‌റ്റോകള്‍ക്ക് ഒരു കണ്ണടച്ച നിരോധനം വന്‍തോതില്‍ നെഗറ്റീവ് ഫലമുണ്ടാക്കുകയും സാങ്കേതിക സങ്കീര്‍ണതകള്‍ കാരണം പ്രായോഗികമായി നടപ്പാക്കാന്‍ പ്രയാസമാവുകയും ചെയ്യും. 
കൂടാതെ, ഇത് ഉപഭോക്താക്കള്‍ക്ക് മൂല്യം നഷ്ടപ്പെടാന്‍ കാരണമായേക്കും. സര്‍ക്കാരിന് നികുതി നഷ്ടപ്പെടും. അതേസമയം വ്യവസായികള്‍ ഒന്നുകില്‍ വിദേശത്തേക്കോ അല്ലെങ്കില്‍ മറവിലേക്കോ (underground) നീങ്ങും.
അതിനാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ വ്യാപ്തി നിര്‍വചിക്കാനും സംക്ഷിപ്ത നികുതി വ്യവസ്ഥ വികസിപ്പിക്കാനും സഹായിക്കുന്ന ഒരു റെഗുലേറ്ററി സംവിധാനം രൂപീകരിക്കുക വഴി വ്യവസ്ഥിതിയില്‍ വിശ്വാസം വളര്‍ത്തുക എന്നത് മാത്രമാണ് മുന്നോട്ടേക്കുള്ള ഒരേ ഒരു വഴി.